തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലിസ് ജില്ലകളിലും മാസത്തിലെ നാലാം ശനിയാഴ്ച അഭിനന്ദന ദിനമായി ആചരിക്കും. പൊലിസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങൾ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് ക്രമസമാധാന വിഭാഗം എഡിജിപി പി.വിജയൻ ജില്ലാ പൊലിസ് മേധാവികൾക്ക് നിർദേശം നൽകി.
പൊലിസ് ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിനായി ഈ ദിനം വിനിയോഗിക്കണമെന്നും എഡിജിപി വ്യക്തമാക്കി. പൊലിസുകാരുടെ ആത്മവീര്യം വർധിപ്പിക്കുക, കർത്തവ്യനിർവഹണത്തിൽ മികവു കൈവരിക്കാൻ പ്രോത്സാഹിപ്പിക്കുക, പൊലിസ് പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തവും സഹകരണവും വർധിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ.
ജില്ലാ-യൂണിറ്റ് ആസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ കഴിഞ്ഞ മാസത്തെ മികച്ച സേവനം, മാതൃകാപരമായ പെരുമാറ്റം, അന്വേഷണ മികവ്, ധീരതാപ്രവർത്തനം, കർത്തവ്യനിർവഹണത്തിലെ സമർപ്പണം എന്നിവ കാഴ്ചവച്ച പൊലിസ് ഉദ്യോഗസ്ഥരെ ജില്ലാ പൊലിസ് മേധാവികൾ ആദരിക്കും. കാക്കിക്കുള്ള കൈയടിക്കൊപ്പം ജനങ്ങൾക്കും ആദരം എന്നതാണ് പരിപാടിയുടെ മറ്റൊരു പ്രത്യേകത.
പൊതുസുരക്ഷയ്ക്കായി പ്രവർത്തിച്ചവരെയും പൊലിസിന് വിലപ്പെട്ട സഹായം നൽകിയവരെയും കണ്ടെത്തി ആദരിക്കാനും നിർദേശമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും പൗരന്മാർക്കും അഭിനന്ദന സർട്ടിഫിക്കറ്റ്, മെമന്റോ അല്ലെങ്കിൽ അനുയോജ്യമായ മറ്റ് അംഗീകാരങ്ങൾ നൽകും. സഹപ്രവർത്തകരുടെയും ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തിലായിരിക്കും ആദരം.
എല്ലാ ജില്ലാ പൊലിസ് മേധാവികളും അഭിനന്ദന ദിന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണം. സോണൽ ഐജിമാരും റേഞ്ച് ഡിഐജിമാരും സാധ്യമാകുന്നിടത്തെല്ലാം ചടങ്ങുകളിൽ പങ്കെടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.